September 27, 2012

സായിപ്പിനെ മലയാളം പഠിപ്പിക്കാന്‍ Kerala സര്‍ക്കാര്‍ !!


കല്പറ്റ: ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തുന്ന സായിപ്പുമാരെ മലയാളം പഠിപ്പിക്കാന്‍ സര്‍ക്കാര്‍ പരിപാടി. കേരള സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ മലയാളം മിഷനാണ് 'നമുക്കു പഠിക്കാം മലയാളം' എന്ന പേരില്‍ ഇത് നടപ്പാക്കുന്നത്. 24മണിക്കൂര്‍ ക്രാഷ് കോഴ്‌സാണിത്. അത്യാവശ്യ ഘട്ടങ്ങളില്‍ 'കൊരച്ചു കൊരച്ചു മലയാലം' പറയാന്‍ സായിപ്പിനെ പ്രാപ്തനാക്കുക എന്നതാണ് ലക്ഷ്യം. ഇംഗ്ലീഷിന്റെ സഹായത്തോടെയാണ് മലയാളം പഠിപ്പിക്കുക. ഇതിന് പ്രത്യേക പാഠ്യപദ്ധതിയും പഠനസാമഗ്രികളും തയ്യാറാക്കിയതായി മലയാളം മിഷന്‍ രജിസ്ട്രാര്‍ കെ. സുധാകരന്‍ പിള്ള പറഞ്ഞു. ഈ മാസാവസാനത്തോടെ ക്ലാസ് തുടങ്ങും. തുടക്കത്തില്‍ മലയാളം മിഷന്റെ തിരുവനന്തപുരം വഴുതക്കാട്ടുള്ള ഓഫീസിലാണ് ക്ലാസ്. പിന്നീട് മറ്റു ജില്ലകളിലും തുടങ്ങാന്‍ ആലോചനയുണ്ട്. ബസ്സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ആസ്​പത്രി, തപാല്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രയോഗിക്കാനുള്ള അത്യാവശ്യ പദാവലികളും മറ്റും വിദേശ വിനോദ സഞ്ചാരികളെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടിലെത്തുന്ന അന്യനാട്ടുകാര്‍ ഭാഷാപ്രശ്‌നം മൂലം ആശയവിനിമയം നടത്താന്‍ പാടുപെടുന്നത് പതിവു കാഴ്ചയാണ്. കേരളീയ കല, സാഹിത്യം, സംസ്‌കാരം, ഭാഷ എന്നിവയെ അടുത്തറിയാന്‍ താത്പര്യമുള്ളവര്‍ക്ക് 50 മണിക്കൂര്‍ കോഴ്‌സും നടത്തുന്നുണ്ട്. ടൂറിസം വകുപ്പ്, നോര്‍ക്ക എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 9847940129 നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം. പ്രവാസികളായ കുട്ടികള്‍ക്ക് മലയാളം പഠിക്കാന്‍ മറ്റൊരുപദ്ധതിയും മലയാളം മിഷന്‍ നടപ്പാക്കുന്നുണ്ട്. മുംബൈയില്‍ 6700, ചെന്നൈയില്‍ 4500, ഡല്‍ഹിയില്‍ 500 വീതം കുട്ടികള്‍ ഇത്തരത്തില്‍ മാതൃഭാഷ പഠിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങളിലെ മലയാള സമാജങ്ങളുടെ സഹകരണത്തോടെയാണ് ക്ലാസ് നടത്തുന്നത്. അടുത്തുതന്നെ ബാംഗ്ലൂരിലും അഹമ്മദാബാദിലും ക്ലാസ് തുടങ്ങും.

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting