കൊച്ചി: കേരളത്തിന്റെ രണ്ടാം ബിനാലെയ്ക്ക് വെള്ളിയാഴ്ച തുടക്കം. ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് ഏഴരയ്ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. നൂറ്റിയെട്ടുദിനം നീളുന്ന കലാ കാലത്തിനാണ് ഇതോടെ വേദിയുണരുക.വെള്ളിയാഴ്ച രാവിലെ കൊച്ചിന്‍ ക്ലബ്ബില്‍ ക്രിസ് ഡെര്‍കോണ്‍, ഗുലാം മുഹമ്മദ് ഷെയ്ഖ്, ദയാനിത സിങ്, പാര്‍വതി നയ്യാര്‍ എന്നിവര്‍ പങ്കെടുക്കുന്ന ആര്‍ട്ട് ടോക്ക് പരിപാടിയോടെ ബിനാലെ അനൗപചാരികമായി ആരംഭിക്കും. ഉച്ചയ്ക്ക് 12 ന് മുഖ്യ വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ പതാകയുയര്‍ത്തല്‍ ചടങ്ങോടെ ബിനാലെയുടെ ആവേശം വീണ്ടും ആകാശം തൊടും. വൈകീട്ട് നാലിന് ആസ്പിന്‍വാള്‍ പവലിയനില്‍ ഹോ റൂയ് ആനിന്റെ പ്രകടനത്തോടെ കലാ സന്ധ്യകള്‍ക്കും തിരശ്ശീലയുയരും.
ഉദ്ഘാടന സമ്മേളനത്തിനു ശേഷം പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ 300 കലാകാരന്മാര്‍ അണിനിരക്കുന്ന വാദ്യവിരുന്നുമുണ്ട്. വിഖ്യാതനായ മലയാളി കലാകാരന്‍ ജിതീഷ് കല്ലാട്ട് ക്യൂറേറ്റ് ചെയ്യുന്ന ഇത്തവണത്തെ കൊച്ചിമുസ്സിരിസ് ബിനാലെയുടെ പേര് 'ലോകാന്തരങ്ങള്‍'എന്നാണ്. ആസ്പിന്‍വാള്‍ ഹൗസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ സംഗമിച്ചു കഴിഞ്ഞു.
30 രാജ്യങ്ങളില്‍ നിന്നുള്ള 90 കലാകാരന്മാര്‍ ബിനാലെയ്‌ക്കെത്തും. 3000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ചാക്കും കമ്പികളും കോണ്‍ക്രീറ്റും ഉപയോഗിച്ചാണ് ആസ്പിന്‍വാളിലെ അംബ്രല്ല പവലിയന്‍ നിര്‍മിച്ചിരിക്കുന്നത്. ഫോര്‍ട്ടുകൊച്ചിയിലേയും മട്ടാഞ്ചേരിയിലേയും ചുവരുകള്‍ ബിനാലെയുടെ നിറങ്ങളണിഞ്ഞു കഴിഞ്ഞു. എവിടെയും ഗ്രാഫിറ്റി ആര്‍ട്ടിന്റെ വിസ്മയങ്ങള്‍. പെപ്പര്‍ഹൗസ്, കബ്രാള്‍ യാഡ്, ഡേവിഡ് ഹാള്‍, വാസ്‌കോഡഗാമ സ്‌ക്വയര്‍, സി.എസ്.ഐ. ബംഗ്ലാവ്, കാശി ആര്‍ട്ട് ഗാലറി, എറണാകുളം ദര്‍ബാര്‍ ഹാള്‍ എന്നിവയാണ് മറ്റ് ബിനാലെ വേദികള്‍.
No comments:
Post a Comment