കേരള ചരിത്രത്തിന്റെ അനസ്യൂതപ്രവാഹത്തിനിടയില് സവിശേഷമായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു ചെറു നഗരമത്രെ ഇരിങ്ങാലക്കുട. സംഭവബഹുലമായ പല ചരിത്രമുഹൂര്ത്തങ്ങള്ക്കും സാക്ഷ്യം വഹിക്കുവാനും, സാമൂഹ്യ-സാംസ്ക്കാരിക രംഗങ്ങളിലെ പരിവര്ത്തന പ്രക്രിയയുമായി ഇഴ ചേര്ന്നു നില്ക്കുവാനും ഭാഗ്യം ലഭിച്ചിട്ടുള്ള ഈ കൊച്ചുപട്ടണം അനന്യമായ സവിശേഷതകളുടെ ഉടമകൂടിയാണ്.
തൃശ്ശിവപേരൂരില് നിന്നും 22 കിലോമീറ്റര് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂപ്രദേശമായ ഇരിങ്ങാലക്കുടയുടെ സ്ഥലനാമം തന്നെ വിവിധ വ്യാഖ്യാനങ്ങള്ക്ക് വിധേയമായി ഭവിച്ചിരിക്കുന്നു. വടക്കുഭാഗത്തുള്ള ചാലക്കുടിപ്പുഴയ്ക്കും, തെക്ക് സ്ഥിതി ചെയ്യുന്ന കുറുമാലിപ്പുഴയ്ക്കും ഇടയിലുള്ള പ്രദേശമെന്ന നിലയില് 'ഇരുചാലുക്ക് ഇടൈ' എന്ന പേര് വന്നത് ലോപിച്ച് ഇരിങ്ങാലക്കുടയായി എന്ന വിശ്വാസവുമുണ്ട്. ഈ രണ്ട് നദികളും കൂടല്മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തനടുത്തുവച്ച് സന്ധിച്ച് തെക്കോട്ട് ഒഴുകി കൊടുങ്ങല്ലൂര് കായലില് നിപതിച്ചിരുന്നതായി കരുതുന്നു. പില്ക്കാലത്ത് പ്രകൃതിക്ഷോഭം മൂലം ഇവ രണ്ടും എടതിരിഞ്ഞ് ഗതി മാറിപ്പോയ സംഭവം സചിപ്പിക്കുന്നതാണ് എടതിരിഞ്ഞി എന്ന സ്ഥലനാമമെന്ന് കരുതപ്പെടുന്നു. കുലീപനി മഹര്ഷി ശ്രീ കൂടല്മാണിക്യം ക്ഷേത്രത്തില് നടത്തിയ യാഗാന്ത്യത്തില് യജ്ഞദേവന് പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന്റെ കൂടെ ഇരുന്ന സംഭവത്തെ സൂചിപ്പിക്കുന്ന 'ഇരുന്നുശാലയില് കൂടെ' എന്ന പരാമര്ശത്തിന്റെ ചുരുക്കപ്പേരാണ് ഇരിങ്ങാലക്കുട എന്നും വിശ്സിക്കപ്പെടുന്നു. ക്ഷേത്രത്തിനു മുന്നില് നിന്നിരുന്ന വലിയ ആലിനെ സൂചിപ്പിക്കുന്ന വിരിഞ്ഞ ആല്കൂടൈ എന്ന പദം രൂപപരിണാമം പ്രാപിച്ച് ഇരിങ്ങാലക്കുടയായി എന്ന വേറൊരു വാദം നിലനില്ക്കുന്നു. ജൈനമത സ്വാധീനം ചേര്ന്ന സ്ഥലങ്ങള്ക്ക് 'ഇരിങ്ങ' എന്ന ശബ്ദവുമായി ബന്ധമുണ്ടെന്നും (ഉദാ: ഇരിങ്ങണ്ണൂര്, ഇരിങ്ങോള്ക്കാവ്, ഇരിങ്ങാലൂര്) അതുകൊണ്ടു തന്നെ ഇരിങ്ങാലക്കുടയ്ക്ക് പ്രസ്തുത നാമം ലഭിച്ചതെന്നും സ്ഥലനാമ ചരിത്ര ഗ്രന്ഥങ്ങള് രേഖപ്പെടുത്തുന്നു. കുലശേഖരപ്പെരുമാളായ സ്ഥാണുരവിവര്മ്മയുടെ ലിഖിതത്തില് ഇരിങ്ങാലക്കുടയെ 'ഇരിങ്കാടിക്കൂടല്' എന്നും ദേവനെ 'തിരുവിരുങ്കാടി തിരുവടി' എന്നും പരാമര്ശിച്ചിട്ടുണ്ട്.
പൊതുവെ ചെങ്കല് പ്രദേശമായ ഇരിങ്ങാലക്കുടയിലെ കൂടല്മാണിക്യക്ഷേത്രത്തിന് പടിഞ്ഞാറു ഭാഗത്തുള്ള പ്രദേശങ്ങള് തീരദേശത്തോട് സാമ്യം വഹിക്കുന്നതായി കാണാം. ഈ പ്രദേശത്തുള്ള ഭൂഗര്ഭപാളികളുടെ അടരുകളെക്കുറിച്ച് നടന്ന ശാസ്ത്രപഠനങ്ങള് ഇവിടുത്തെ ഭൂകമ്പസാധ്യതയിലേക്ക് വിരല് ചൂണ്ടുന്നു. ഭൂതകാലത്ത് നടന്നിരിക്കാവുന്ന കടലിന്റെ പിന്മാറ്റത്തെക്കുറിച്ചും തത്ഫലമായുയര്ന്നു വന്ന മണല്പ്രദേശത്തെക്കുറിച്ചുമുള്ള സാദ്ധ്യകളും ഇതോടൊപ്പം തന്നെ പരാമൃഷ്ടമായിട്ടുണ്ട്. കൂടല്മാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗം മുതല് കാണുന്ന മണലിന്റെ ആധിക്യമുള്ള ഭൂമി, കിണര് വെള്ളത്തിലെ ഓര്, മണലില് പ്രത്യക്ഷപ്പെടുന്ന കക്ക മുതലായ ജീവികളുടെ അവശിഷ്ടങ്ങള് ഇവയെല്ലാം ഇത്തരമൊരു സാദ്ധ്യതയിലേക്ക് ശ്രദ്ധതിരിക്കുന്നു. for more information click here