മണ്ണാർക്കാട്: കാട്ടുപച്ചപ്പിന്റെ മണംപിടിച്ച് മണ്ണാർക്കാട് ചുരം കയറി അട്ടപ്പാടിയെത്തിയാൽ കൗതുകമുള്ള കാഴ്ചകളേറെ. മഞ്ഞുകാലത്തെ തണുപ്പറിയാൻ മൂന്നാറും കൊടേക്കനാലും പോകേണ്ട, അട്ടപ്പാടിയിലെത്തിയാൽ മതി. ഇവിടെ സൈലന്റ് വാലിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു. അഗളി നരസിമുക്കിലെ വ്യൂപോയിന്റിൽ കയറിനിന്നാൽ വീശിയടിക്കുന്ന കാറ്റിനൊപ്പം ലോകം കാൽകീഴിൽ കോട്ടകെട്ടി നിൽക്കുന്ന കാഴ്ച. ഇത്തരത്തിൽ ഇരുപതോളം കുന്നുകൾ ഇവിടെയുണ്ട്. കോവിഡ് മാനദണ്ഡം എല്ലായിടത്തും കൃത്യമായി പാലിക്കണമെന്നുമാത്രം.
മഹാമാരി ഇല്ലാതാക്കിയ വിനോദ സഞ്ചാരമേഖലകൾക്കൊപ്പം അട്ടപ്പാടിയും ഉണരുകയാണ്. മുള്ളിവഴി ഊട്ടിയിലേക്ക് പോവുന്ന സഞ്ചാരികൾക്കും സൈലന്റ് വാലിയിലെത്തുന്നവർക്കും ഇവിടത്തെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താം. അഗളി പഞ്ചായത്തിലൂടെ ഒഴുകുന്ന ശിരുവാണി പുഴയും അഗളി-, പുതൂർ പഞ്ചായത്തുകൾ പങ്കിടുന്ന ഭവാനിപ്പുഴയും സന്ദർശകർക്ക് പ്രിയങ്കരം. പ്രധാന സിനിമകളുടെ ലൊക്കേഷനുകളായതോടെ സഞ്ചാരികളുടെ ഒഴുക്കാണിവിടേക്ക്. അട്ടപ്പാടിച്ചന്തം ഒപ്പിയെടുത്ത അന്തരിച്ച സച്ചി സംവിധാനം ചെയ്ത് ബിജുമേനോനും പൃഥ്വിരാജും അഭിനയിച്ച 'അയ്യപ്പനും കോശിക്കും' ശേഷമാണ് ജില്ലയ്ക്ക് പുറത്തുനിന്നുൾപ്പെടെ കൂടുതൽപേർ ഈ മനോഹാരിത തേടിയെത്തുന്നത്.
സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളുടെ അഭാവം പരിഹരിച്ചാൽ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് അട്ടപ്പാടി മുതൽക്കൂട്ടാകും. താമസ സൗകര്യം, വാഹനപാർക്കിങ് ഉൾപ്പെടെ മിക്കയിടത്തുമില്ല. ആദിവാസി വിഭാഗങ്ങളെ ബാധിക്കാത്തവിധം അവർക്ക് വരുമാനമുണ്ടാക്കാം. ഷോളയൂർ പഞ്ചായത്തിലെ മേൽത്തോട്ടം, മറനട്ടി, കൂടപ്പട്ടി, അഗളി-, പുതൂർ പഞ്ചായത്തുകൾ പങ്കിടുന്ന ചീരക്കടവ്, ചിണ്ടക്കി, കരുവാര, കരിവടം തുടങ്ങിയ പ്രദേശങ്ങൾ ഇക്കോ ടൂറിസം പദ്ധതികൾക്ക് അനുയോജ്യമാണ്.
ഏത് കാലാവസ്ഥയും ടൂറിസത്തിന് അനുകൂലം.കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ മഴയായാലും വേനലായാലും ടൂറിസത്തിന് അനുകൂലമാണ് അട്ടപ്പാടി. ഹോം സ്റ്റേ, ഫാം ടൂറിസം തുടങ്ങിയവയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. ഇത് കൂടുതൽ വേഗത്തിലും ലളിതവുമാക്കിയാൽ അട്ടപ്പാടിക്കാർക്ക് വരുമാന മാർഗമാവും. അട്ടപ്പാടിയെ വിനോദസഞ്ചാര സൗഹൃദമാക്കാനുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണം.
No comments:
Post a Comment