കേരളത്തിലെ പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു നഗരസഭയും പട്ടണവുമാണ് ഷൊർണ്ണൂർ. ദക്ഷിണ റയിൽവേക്ക് കീഴിൽ മംഗലാപുരം-ഷൊർണ്ണൂർ പാതയെ തിരുവനന്തപുരം-ചെന്നൈ പാതയുമായി യോജിപ്പിക്കുന്ന ഒരു സുപ്രധാന റെയിൽവേ സ്റ്റേഷൻ ഇവിടെയാണ്. നിലമ്പൂരേയ്ക്ക് ഒരു റെയിൽ പാതയും ഇവിടെ നിന്നു തുടങ്ങുനു. 7 പ്ലാറ്റ്ഫോമുകളും 4 വ്യത്യസ്ത പാതകളുമുള്ള കേരളത്തിലെ ഏക റെയിൽവേ സ്റ്റേഷൻ കൂടിയാണിത്. കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ ഷൊർണ്ണൂരാണ്. ഇന്ത്യയിലെ തന്നെ ശ്രദ്ധേയമായേക്കാവുന്ന ട്രയാംഗുലർ സ്റ്റേഷൻ ഇവിടെ തുടങ്ങാൻ പദ്ധതിയുണ്ട്.
ഒറ്റപ്പാലം - വടക്കാഞ്ചേരി - തൃശ്ശൂർ പാതയിലെ ഒരു സുപ്രധാന പട്ടണമാണ് ഷൊർണൂർ. ചെറുതുരുത്തി ഭാരതപ്പുഴയുടെ അങ്ങേ കരയിലാണ്. ബ്രിട്ടീഷുകാരുടെ കാലത്തു പണികഴിപ്പിച്ച പഴയ കൊച്ചി പാലമായിരുന്നു പുതിയ കൊച്ചി പാലം പണിയുന്നതു വരെ ഭാരതപ്പുഴക്കു കുറുകെ ഷൊർണ്ണൂരിൽ നിന്നും ചെറുതുരുത്തി വഴി കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്ക് ഗതാഗതം സാദ്ധ്യമാക്കിയിരുന്നത്.
റവന്യൂ രേഖകളിൽ ചിറമണ്ണൂർ/ചെറമണ്ണൂർ എന്നും റയിൽവെ രേഖകളിൽ ചെറുമണ്ണൂർ എന്നും നാമകരണം ചെയ്തു കാണുന്നു. ചിറമണ്ണൂർ പരിണമിച്ചാണ് ഷൊർണ്ണൂരായതെന്നും, ചിറമണ്ണൂർ എന്ന പേര് ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് കൈവന്നതാവാം എന്ന് അനുമാനിക്കാം.
ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന ഷൊർണ്ണൂരിന്റെ കഴിഞ്ഞകാല ചരിത്രം പ്രധാനമായും ജന്മി നാടുവാഴി വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണെങ്കിലും അതിൽ പ്രധാനം കവളപ്പാറ സ്വരൂപത്തിന്റെ പ്രതാപകാലവും തകർച്ചയുമാണ്. പറയിപെറ്റ പന്തിരുകുലത്തിലെ കാരക്കൽ മാതാവിന്റെ വംശജരാണ് കവളപ്പാറ സ്വരൂപത്തിലെ പൂർവ്വികന്മാർ എന്നാണ് പറയപ്പെടുന്നത്. കവളപ്പാറ സ്വരൂപത്തിന്റെ മൂലസ്ഥാനം ഷൊർണ്ണൂരിനടുത്തുള്ള പള്ളിക്കൽ അഥവാ പളളിത്തൊടി എന്ന സ്ഥലമാണ്. സാമൂതിരിയുടെ കൂറ് പ്രദേശമായിരുന്നു കവളപ്പാറ. ഇവിടെ കവളപ്പാറ നായർ അധികാരം സ്ഥാപിച്ചതിൽ കുപിതനായി സാമൂതിരി നായരെ അടിയറവ് പറയിപ്പിക്കുകയും കവളപ്പാറ നായരുടെ ചിഹ്നമായ വാളും പരിചയും കൊണ്ടുപോവുകയും ചെയ്തു. ഇത് കവളപ്പാറയിലെ ഇളയനായർ സാമൂതിരിയുടെ സേനാനായകൻമാരുടെ സഹായത്തോടെ വാളം പരിചയും തിരിച്ചു കൈപറ്റുകയും വേണാട്ടു രാജാവിന്റെ സഹായത്തോടെയും നായർ പടയുടെ പിൻബലത്തിലും അധികാരം നിലനിർത്തുകയും ചെയ്തു.
1921 -ൽ മലബാർ കലാപകാലത്ത് നിരവധി ആളുകൾ കവളപ്പാറയിൽ അഭയം പ്രാപിച്ചെന്നും, അവരെ കലാപകാരികളിൽ നിന്നും സംരക്ഷിച്ചതിന്റെ ഭാഗമായി മൂപ്പിൽ നായർക്ക് ബ്രിട്ടീഷ് ഗവൺമെന്റ് കേണൽ സ്ഥാനം നൽകുകയും ചെയ്തിട്ടുണ്ട്.
1956 ൽ സംസ്ഥാന സർക്കാർ അച്ചുകൂടം കുളപ്പുള്ളിയിൽ സ്ഥാപിച്ചു. 1934 ൽ എ.സി.പി. നമ്പൂതിരി പ്രിന്റിംഗ് ആന്റ് പബ്ളിഷറും, ഇ.എം.എസ് നമ്പൂതിരിപ്പാട് പത്രാധിപരവുമായി 'പ്രഭാതം' എന്ന പേരിൽ ഒരു പത്രസ്ഥാപനം ഷൊർണൂരിൽ സ്ഥാപിച്ചു. കേരളത്തിൽതന്നെ ആദ്യമായി തൊഴിലാളി സമരം നടന്ന സ്ഥലം എന്ന സ്ഥാനവും ഷൊർണൂരിന് ഉള്ളതാണ്. 1935 ൽ മാത്രമാണ് റെയിൽവെയിൽ 'എ.ഐ.റ്റി.യു.സി' എന്ന തൊഴിലാളി സംഘടന പ്രവർത്തനമാരംഭിക്കുന്നത്. കവളപ്പാറ എ.യു.പി.സ്കൂൾ ആണ് ഷൊർണ്ണൂരിലെ ആദ്യത്തെ വിദ്യാലയം. മൂപ്പിൽ നായർ താഴെക്കിടയിലുള്ളവർക്കു വേണ്ടി ഒരു 'തിയ്യ' സ്കൂളും അതിൽ തന്നെ ഹരിജനങ്ങൾക്കുവേണ്ടി ഒരു പഞ്ചമം സ്കൂളും ആരംഭിച്ചു.
സ്വാമിവിവേകാനന്ദൻ ഷൊർണ്ണൂരിൽ നിന്നും കാളവണ്ടിയിലാണ് തൃശൂരിലേക്ക് യാത്രചെയ്തത്. ഇവിടെ ആദ്യമായി മോട്ടോർകാർ കൊണ്ടുവന്നത് മൂപ്പിൽ നായരാണ്. 1860-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂരിലൂടെ റെയിൽവെ ആരംഭിച്ചു. ലോക്കോ ഷെഡ് ഉൾപ്പെട്ട ഷൊർണ്ണൂർ റെയിൽ ജംഗ്ഷൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷൻ എന്ന പേരിലറിയപ്പെട്ടു. 1921 ൽ നിലമ്പൂർ റെയിൽവേ സ്ഥാപിച്ചു 1890 ൽ ഷൊർണ്ണൂരിൽ എ.കെ.റ്റി.കെ.എം. നമ്പൂതിരിയുടെ നേതൃത്വത്തിൽ ഷൊർണ്ണൂർ ടൈൽ വർക്സ് പ്രവർത്തനമാരംഭിച്ചു. 1927-28 ക്കാലത്താണ് ചെമ്മരിക്കാട്ട് മാത്യുവിന്റെ നേതൃത്വത്തിൽ ഷൊർണ്ണൂരിൽ ഒരു ബസ് സർവ്വീസ് ആരംഭിച്ചത്.
No comments:
Post a Comment