നെല്ലിയാമ്പതി: ഇടവേളയ്ക്കുശേഷം കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. ഓണാവധികൂടിയായതോടെ നെല്ലിയാമ്പതിയിലേക്ക് ഞായറാഴ്ചമാത്രം പോത്തുണ്ടി ചെക്പോസ്റ്റ് വഴി ഇരുചക്രവാഹനങ്ങളും കാറുകളുമായി 2,682 വാഹനങ്ങളാണ് കടന്നുപോയത്. 10,000 ത്തിലധികം പേർ നെല്ലിയാമ്പതിയെത്തിയതോടെ എല്ലാ വ്യൂപോയന്റുകളും സഞ്ചാരികളെ ക്കൊണ്ട് നിറഞ്ഞു.
റിസോർട്ടുകളും ഹോം സ്‌റ്റേകളും ഉൾപ്പെടെയുള്ള താമസ സൗകര്യങ്ങളും ഒഴിവില്ലാത്ത സ്ഥിതിയാണ്. ഓഗസ്റ്റ് 16 മുതലാണ് നെല്ലിയാമ്പതിയിലേക്ക് ഏകദിന യാത്രയ്ക്ക് അനുമതി നൽകിയത്. ഇതോടെ ദിവസവും നൂറുകണക്കിന് പേരാണ് നെല്ലിയാമ്പതി കാണാനെത്തുന്നത്. എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ളവരാണ് ഞായറാഴ്ച നെല്ലിയാമ്പതിയിലെത്തിയവരിൽ കൂടുതലും.
കഴിഞ്ഞ ഒരാഴ്ചയായി നെല്ലിയാമ്പതി മേഖലയിൽ മഴ തുടരുകയാണ്. ഇതോടെ പോത്തുണ്ടി-കൈകാട്ടി ചുരംപാതയിലെ നിരവധി വെള്ളച്ചാട്ടങ്ങൾ സജീവമായിട്ടുണ്ട്. കോടമഞ്ഞും നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാമിലെ ഓറഞ്ച് തോട്ടവും കേശവൻപാറ, സീതാർകുണ്ഡ്, കാരപ്പാറ ഭാഗത്തുള്ള മലമുഴക്കി വേഴാമ്പലുകളുടെ കൂട്ടത്തോടെയുള്ള കാഴ്ചയുമാണ് സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് കൂടുതലും ആകർഷിക്കുന്നത്.
സഞ്ചാരികളുടെ വാഹനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ ഇടുങ്ങിയ വഴികളിൽ വാഹനങ്ങൾ കുടുങ്ങുകയും ചെയ്തു. സഞ്ചാരികളെ നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ പോത്തുണ്ടി ചെക്പോസ്റ്റിൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ നെല്ലിയാമ്പതിയിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഒരു ഡോസ് എടുത്തവരും 72 മണിക്കൂറിനുള്ളിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവായവർക്കുമാണ് നെല്ലിയാമ്പതിയിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
രാവിലെ 7.30 മുതൽ വൈകീട്ട് മൂന്നു മണിവരെ മാത്രമാണ് പോത്തുണ്ടി ചെക്പോസ്റ്റിൽനിന്ന് സഞ്ചാരികളെ നെല്ലിയാമ്പതിയിലേക്ക് കടത്തിവിടുന്നത്. https://m.facebook.com/story.php?story_fbid=838644420141376&id=357407591598397
No comments:
Post a Comment