ഞങ്ങളുടെ പ്രിയപ്പെട്ട അച്ഛൻ്റെ തറവാട്!
ബാല്യകാലം മുതൽ ,ഈ മൂന്നു നില മാളിക വളരെയേറെ പ്രിയപ്പെട്ടതാണ്. അച്ഛൻ , ജോലിക്കാരുടെ കൂടെ നിന്നു പൂർത്തിയാക്കിയ മാളിക! മദ്ധ്യവേനൽ അവധിക്കാലം ഓർമ്മയിൽ എന്നും നിത്യഹരിതമാക്കുന്നത് ഇവിടുത്തെ ജീവിതമാണ്!
മട്ടുപ്പാവിൽ നിന്നും നോക്കിയാൽ നെല്ല് വിളഞ്ഞു നിൽക്കുന്ന പച്ചപാടങ്ങളും വെള്ളം നിറഞ്ഞു കിടക്കുന്ന ചിറയും ,ചിറയിൽ തുള്ളിക്കളിക്കുന്ന മത്സ്യങ്ങളും, താറാവുകൾ കൂട്ടമായി നീന്തുന്ന ,കൊയ്ത്ത് കഴിഞ്ഞ പാടങ്ങളുംഹൃദയത്തോട് ചേർന്നു നിൽക്കുന്നു.
കൊയ്ത്തു കഴിഞ്ഞാൽ, പാടങ്ങളിൽ താറാവുകളെ ഇറക്കും.പകരം താറാവു മുട്ടകൾ തരും! പലേ നിറത്തിലും വലുപ്പത്തിലും മാങ്ങകൾ തൂങ്ങി ക്കിടന്നിരുന്ന മാവുകൾ! തേങ്ങാമാങ്ങയുടെ മാധുര്യം!
എഴുതാൻ ഒരു പാടുണ്ട്. വായിക്കുവാൻ ക്ഷമയുണ്ടോ?(ഞാൻ ഇങ്ങിനെ നിർത്താതെ പറഞ്ഞു കൊണ്ടിരിക്കും,ട്ടോ).ഉരുണ്ടതൂണുകളുള്ള നീണ്ട വരാന്ത! മുറ്റത്തു അച്ഛൻ്റെയും സ്വാമിമാരുടെയും കെട്ടുനിറ,അയ്യപ്പൻ വിളക്ക്, കനലാട്ടം, ഓർമ്മകൾ ദീപ്തമാണ്.
വീടിൻ്റെ മൂന്നു ഭാഗത്തും നീണ്ട വരാന്തകൾ! എങ്കിലും പടിഞ്ഞാറ് ഭാഗത്തുള്ള വരാന്തയാണ് മനോഹരം! ( ഫോട്ടോ കാണുക!)
പ്രാവുകൾ ചേക്കേറുന്ന തട്ടിൻപുറം! മുകളിൽ പോകുവാൻ രണ്ടു ഗോവണികൾ! അച്ഛമ്മ പറഞ്ഞു തന്നിരുന്ന പുരാണ കഥകൾ
പൂമുഖത്തെ ചാരുകസേരയിൽ അച്ഛൻ കിടക്കും. അച്ഛമ്മ തിണ്ണയിൽ ഇരുന്നു കാര്യങ്ങൾ പറയും. വായിക്കുവാൻ കുറെയേറെ പുസ്തകങ്ങളും വാരികകളും! Illustrated Weekly ആദ്യമായി വായിച്ചു രസിച്ചത്,ഇവിടെ നിന്നും!
പാടത്തിനു നടുവിലെ ഒറ്റയടി പാതയിലൂടെ , ഞങ്ങൾ കുട്ടികൾ മറിയയുടെയും പ്രാഞ്ചി മാപ്പിളയുടെയും ഓലപ്പുരയിൽ പോകും.അവിടെ മുറ്റത്തിൻ്റെ ഒരു ഭാഗത്തു ചെറിയ കുളമുണ്ട്.
കാര്യസ്ഥൻ രാഘവൻ നായരേയും അയൽപക്കത്തെ കുഞ്ഞിക്കാളിയേയും മറക്കില്ല! പടികൾക്ക് മുൻപിൽ സുഗന്ധം പരത്തിയിരുന്ന മനോഹരമായ പനിനീർ പുഷ്പങ്ങൾ വിരിഞ്ഞിരുന്ന , പനിനീർ ചെടി ഉണ്ടായിരുന്നു.ഒഴിഞ്ഞ തറ ഫോട്ടോയിൽ കാണാം. ദീപസ്തംഭം ചെടി ആദ്യം കണ്ടത്,ഈ മുറ്റത്തു തന്നെ.
അപ്പുറത്ത് നീണ്ട പടികൾ! അതിനു മുൻപിൽ കൂവളതറ! കൂവള മരച്ചില്ലയിൽ തൂങ്ങി കിടന്നിരുന്ന കൂട്ടിൽ ,കുഞ്ഞൻ നാരായണക്കിളികൾ! കാറ്റു വീശുമ്പോൾ,നെഞ്ച് പിടക്കും; കൂട് താഴെ വീഴുമോ?( ഫോട്ടോയിൽ , നിങ്ങൾക്ക് കൂവളമരം കാണാം)!
അന്ന് മുതൽ ,ഈ നാരായണക്കിളികൾ എൻ്റെ ഹൃദയത്തിലും,കൂട് കൂട്ടി! അച്ഛമ്മ പുരാണ ഗ്രന്ഥം വായിക്കുന്നതും തൈരു കടയുന്നതും കണ്മുൻപിൽ കാണുന്നു. പത്തു മണിക്കു,ചെറു ചൂടുള്ള കഞ്ഞിയിൽ , നെയ്യൊഴിച്ച് കഴിച്ചിരുന്നു. എന്താ സ്വാദ്! മുറ്റം കഴിഞ്ഞാൽ നീണ്ട മണ്ണിട്ട പാത! പാതക്കിരുവശവും പാടങ്ങൾ!
തൊട്ടടുത്ത്,തന്നെ , ചെറിയേടത്തിയും വലിയോപ്പുവും പ്രഭാവതി ചേച്ചിയും! കശുവണ്ടിപരിപ്പ്, അരിപ്പൊടി ,ശർക്കര ഒക്കെ ചേർത്ത മധുരിക്കുന്ന അണ്ടിപ്പിട്ട് ,വലിയോപ്പു തരും! എന്താ ,ഒരു സ്വാദ്!
പിന്നെ,ഒരു കാര്യം! ഞങ്ങളുടെ അമ്മയുടെ തറവാട്ടിലെ ചുറ്റു വട്ടത്തൊന്നും മുസ്ലിം സമുദായക്കാർ ഉണ്ടായിരുന്നില്ല.ആദ്യമായി ,തട്ടമിട്ട സ്ത്രീകളെ കണ്ടത് ഇവിടെയാണ്. ആദ്യമായി കടൽ കണ്ടതും , അലറി വരുന്ന തിരമാലകൾ കണ്ടൂ, പേടിച്ചു കരഞ്ഞു തിരിഞ്ഞോടിയതും ഇവിടെ തന്നെ! പാലപ്പെട്ടി അമ്പലത്തിലേക്ക് പുരവഞ്ചിയിൽ പോയതു ഞാൻ എങ്ങിനെ മറക്കും?
പിന്നേ, ഒരൂട്ടം കൂടിയുണ്ട്. മുകളിലെ മട്ടുപ്പാവിൽ ,പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട്,ജീവിതത്തിലെ അവിസ്മരണീയ സംഭവം നടന്നു.
ആദ്യമായും അവസാനമായും ഒരു പെണ്ണു കാണൽ! അങ്ങിനെ പരസ്പരം ഇഷ്‌ടം പറഞ്ഞു, ഗുരുവായൂർ കണ്ണന് മുൻപിൽ ,വീട്ടുകാർ നടത്തിയ കല്യാണം!
രവിയേട്ടൻ്റെ ജീവിതസഖിയാകുവാൻ നിമിത്തമായതും പ്രിയപ്പെട്ട അച്ഛൻ്റെ തറവാട് തന്നെ! പണ്ട് നാട്ടിന്പുറങ്ങളില് സമൃദ്ധമായി കൃഷ്ണകിരീടം കാണപ്പെട്ടിരുന്നു. മറുനാടന് പൂക്കള് സുലഭമായതോടെ നാട്ടുപൂക്കളെ തേടാന് മലയാളിക്ക് നേരവുമില്ല.
കൃഷ്ണകിരീടവും കാക്കപ്പൂവും നീലക്കോളാമ്പിയും പോലുള്ള നാട്ടുപൂക്കളെ ഇതോടെ ഓണപ്പൂക്കളത്തില് കാണാതായി. പൊന്തക്കാടുകളില് അപൂര്വ്വമായെങ്കിലും രാജകീയപ്രൗഢിയോടെ നില്ക്കുന്ന കൃഷ്ണകിരീടങ്ങള് മലയാളിക്ക് ഇപ്പോള് അതിശയക്കാഴ്ചയാണ്.
എന്റെ പ്രിയപ്പെട്ട അച്ഛന്റെ വീട്ടിലാണ് ,ഈ പൂക്കൾ ഞാൻ ആദ്യമായി കണ്ടത്. ഇവിടെ, ഈ പ്രവാസ ലോകത്തും കൃഷ്ണകിരീടം നിറയെ ഉണ്ടു ,കേട്ടോ.
കിരീടംപോലെ ഉയര്ന്നുനില്ക്കുന്ന പൂങ്കുല കാരണമാണ് കൃഷ്ണകിരീടം എന്ന പേരില് അറിയപ്പെടുന്നത്. ഇലകള്ക്ക് മുകളിലായി ഉയര്ന്നുനില്ക്കുന്ന പൂങ്കുലകളാണ് ഇവയ്ക്കുള്ളത്.
പെരുപ്പൂവ്, ആറുമാസം, കൃഷ്ണമുടി, പഗോഡ, രാജകീരീടം, ഹനുമാന്കിരീടം എന്നിങ്ങനെ ഇവയ്ക്ക് പല പേരുകളുണ്ട്.
ഇല്ലേ ,തോന്നുന്നില്ലേ ,കൃഷ്ണകിരീടത്തിനോടു ഒരു പ്രത്യേക ഇഷ്ടം ?
ഇനീം ഉണ്ടു, എഴുതാൻ! പിന്നെയാകട്ടെ, അല്ലേ?
സ്നേഹപൂർവ്വം,
[Courtesy: ജ്യോതി For these kind of interesting topic publishing]
Jyothi N Ravi Thirunilath-fb
No comments:
Post a Comment