May 25, 2012

ആറാട്ടിനാനകള്‍ എഴുന്നള്ളി.......................................!!!!!!!!!!!

കേട്ടപ്പോള്‍ കിനാവെന്നു തോന്നി. കണ്ടപ്പോള്‍ സ്വപ്‌നസുന്ദരം. കാടും മേടും നിലാവില്‍ നീരാടി നില്‍ക്കുന്ന രാത്രിയില്‍ ആനകള്‍ കൂട്ടത്തോടെ കുളിച്ചു തിമര്‍ക്കാനിറങ്ങുന്ന ഒരിടം. പത്തും പന്ത്രണ്ടും ആനകളടങ്ങുന്ന സംഘം ഒന്നിനുപുറകെ ഒന്നായി നീരാടാനെത്തും. ഒരു കൂട്ടത്തിന്റെ കുളി കഴിഞ്ഞാല്‍ അടുത്തകൂട്ടം. അതും കണ്ട് നമുക്ക് കരയിലിരിക്കാം. തൊട്ടരികില്‍ അവ ശാന്തരായി എല്ലാം മറന്ന് കളിക്കും. കുട്ടിക്കൊമ്പന്‍മാരെ കുളിപ്പിക്കും. ചെറിയ തര്‍ക്കങ്ങളോടെ പരസ്പരം ഉന്തും തളളും കാണിക്കും. ഒരു പരിഭവ പ്രകടനത്തിനപ്പുറം അത് നീളുന്നില്ല. കളിയും കുളിയും മതിയാവോളമായാല്‍ അവ ശാന്തരായി നിബിഡ വനമേഖലകളിലേക്ക് നടന്നു മറയും. രാത്രിയും പൗര്‍ണ്ണമിയും പോയ്മറഞ്ഞാലും മനസിലൊരു മായാത്ത ചിത്രം!- ആനക്കുളത്തെ പറ്റി കേട്ടപ്പോള്‍ ഏതോ ഭാവനാശാലിയുടെ സുന്ദരമായൊരു സ്വപ്‌നം പോലെ...

കേട്ടറിവുകളില്‍ നിന്ന് മനസൊരുക്കിയ ദിവാസ്വപ്‌നങ്ങളേയും കൂട്ടിയായിരുന്നു യാത്ര. അടിമാലിക്കടുത്ത് മാങ്കുളം വനമേഖലയിലേക്ക്, ഒരു പൗര്‍ണ്ണമി നാളില്‍. ഉച്ചയോടെ അടിമാലിയിലെത്തി. മാങ്കുളം ഡി.എഫ്.ഒ ഇന്ദുചൂഡനെയാണ് ആദ്യം കണ്ടത്. ആനക്കുളത്തിന്റെ പ്രത്യേകതകളും മാങ്കുളത്തിന്റെ വിശേഷങ്ങളും അദ്ദേഹം പറഞ്ഞുതന്നു. ഫോറസ്റ്റര്‍ ജോയിയും ഡ്രൈവര്‍ സജീവും ഒപ്പം വന്നു.

അടിമാലിയില്‍ നിന്ന് മൂന്നാര്‍ റോഡിലൂടെ മുന്നോട്ട്. കല്ലാറില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാങ്കുളത്തേക്ക് 16 കിലോമീറ്റര്‍. മാങ്കുളത്തു നിന്ന് കുവൈത്ത് സിറ്റി വരെ യാത്ര കുഴപ്പമില്ല. പിന്നിടങ്ങോട്ട് ഫോര്‍വീല്‍ ഡ്രൈവ് ജീപ്പ് മാത്രം അള്ളിപ്പിടിച്ചു കയറുന്ന റോഡാണ്. ചാഞ്ഞും ചരിഞ്ഞും ഇളകി മറിഞ്ഞും ആനക്കുളത്തെത്തിയപ്പോള്‍ നാലുമണി. അന്തരീക്ഷം മേഘാവൃതമായതു കൊണ്ടാവാം,കാടിനും ഇരുളിമ. വെള്ളിലകള്‍ക്ക് തിളക്കം. ഇടിയും മിന്നലും മഴയും വന്നത് പെട്ടന്നാണ്. കുടെയുണ്ടായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ മുഖം മ്ലാനമായി. മഴ പെയ്താല്‍ ആനയിറങ്ങുമെന്ന് തോന്നുന്നില്ല. ''ഛെ പൂജിച്ചുകൊണ്ടു വന്ന ക്യാമറയാണ.് ആദ്യ ചിത്രം ആനക്കുളത്തു നിന്നു തന്നെയായിക്കോട്ടെന്ന് കരുതി. അതിപ്പം ഇങ്ങിനെയായല്ലോ.''ഫോട്ടോഗ്രാഫര്‍ സജി മഴയെ ശപിച്ചു.

വനം വകുപ്പിലെ ജീവനക്കാരി രമണിചേച്ചി ഉണ്ടാക്കിതന്ന സ്വാദിഷ്ടമായ ചക്കപ്പുഴുക്കും ചോറും കോഴിക്കറിയും കഴിച്ച് മഴയ്ക്ക് പെയ്യാന്‍ കണ്ട നേരത്തെ പഴിച്ച്് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. മഴയൊഴിഞ്ഞെങ്കിലും കാട്ടില്‍ കോടമഞ്ഞ് കളി പറയാനെത്തിയിരുന്നു. നേരം പത്തേമുക്കാലായി കാണും. ഫോറസ്റ്റര്‍ ജോസഫ് വിളിച്ചുണര്‍ത്തി. ''അതാ ആനയിറങ്ങിയിട്ടുണ്ട്. എഴുന്നേക്ക് എഴുന്നേക്ക്''. ഉറക്കം മലയിറങ്ങിയത് പെട്ടെന്നാണ്. ക്യാമറയും ടോര്‍ച്ചുമായി ആനക്കുളത്തിനടുത്തേക്ക് നടന്നു. എന്തൊക്കെയോ ഒച്ചകള്‍ കേള്‍ക്കുന്നുണ്ട്. കാലുകൊണ്ട് വെള്ളം തേവുന്നതിന്റെയും ചില പിടിവലികള്‍ക്കിടയിലുള്ള അമറലുകളുടെയും ചെറിയ ചിന്നംവിളികളുടെയും ശബ്ദം രാത്രി നിശബ്ദതയില്‍ പേടി വിതറുന്നുണ്ട്. പൗര്‍ണ്ണമിയാണെങ്കിലും കോടമഞ്ഞില്‍ നിലാവ് മയങ്ങി കിടപ്പാണ്. ടോര്‍ച്ചടിച്ചു നോക്കിയെങ്കിലും പ്രകാശം പാതിവഴിയില്‍ പൊലിഞ്ഞുപോവുന്നു. അടുത്തോട്ട് പോകാമെന്ന് നാട്ടുകാരെല്ലാം സാക്ഷ്യം പറഞ്ഞതാണെങ്കിലും ഒരു ഭയം. ഇവിടെയെത്തുന്ന ആനകളില്‍ ഏതു കൊലകൊല്ലിയും ശാന്തരാവുമെന്നും, മുറ്റത്തു കളിച്ചു നില്‍ക്കുന്ന കുട്ടികളെ കവച്ച് വെച്ച് കടന്നുപോകുന്ന ആനകള്‍ ഒരത്ഭുതമായിരുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു.

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting