കൊച്ചിയല്‍ നിന്നുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സില്‍ കൊളംബോയിലേക്ക് പോവാന്‍ ചെക്ക് ഇന്‍ കൗണ്ടറിനു മുന്നില്‍ നില്‍ക്കുമ്പോള്‍ സഹ യാത്രക്കാര്‍ പലരും ചോദിച്ചത് ഒരേ ചോദ്യം. എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്നും അതേ ചോദ്യം. എവിടേക്കാണ്? കൊളംബോയിലേക്ക്. അവിടെ വരേയുള്ളോ? അതെ എന്നു പറഞ്ഞപ്പോള്‍ പലര്‍ക്കും അവിശ്വാസം . ചുരുങ്ങിയ നിരക്കില്‍ ഗള്‍ഫ് നാടുകളിലേക്കുള്ള യാത്രയുടെ ട്രാന്‍സിറ്റ് പോയിന്‍റ് മാത്രമാണ് നാം മലയാളികള്‍ക്ക് ശ്രീലങ്ക. എന്നാല്‍,
ഈ കൊച്ചു ദ്വീപിന്‍െറ തലസ്ഥാന നഗരിയിലത്തെുമ്പോള്‍ ഈ ധാരണ തിരുത്തേണ്ടി വരും. നമ്മുടെ തലസ്ഥാന നഗരിയെ വെല്ലുന്ന വൃത്തിയും പൗര ബോധവും ട്രാഫിക് പരിപാലനവും -കൊച്ചിയില്‍ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കൊളംബോയിലത്തെി. വിമാനം പൊങ്ങി ലഘു ഭക്ഷണം കഴിച്ചു തീരുമ്പോഴേക്ക് ലാന്‍റിംഗിനുള്ള അറിയിപ്പു വന്നു. ബണ്ഡാരനായകെ അന്താരാഷ്ട്ര വിമാനത്താവളം എന്തുകൊണ്ടും ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണ്. ഈ വിമാനത്താവളത്തിന് സ്ഥലം നല്‍കിയവരില്‍ കോഴിക്കോട് ചാലിയം സ്വദേശിയായ ഉമ്പിച്ചി ഹാജിയും ഉള്‍പ്പെടും എന്ന ചരിത്രം അധികമാര്‍ക്കും അറിയില്ല. ഇപ്പോഴൂം കൊളംബോയില്‍ ഉമ്പിച്ചി സ്ട്രീറ്റ് എന്ന പേരില്‍ ഒരു തെരുവുണ്ട്.
എമിഗ്രേഷന്‍ കൗണ്ടറില്‍ പാസ്പോര്‍ട് കാണിച്ച് തിരിച്ചിറങ്ങുമ്പോള്‍ മനോഹരമായ പായ്ക്കററും കൂടെ കിട്ടി. ശ്രീലങ്കയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള കൊച്ചു പുസ്തകവും ഡയലോഗ് കമ്പനിയുടെ സിം കാര്‍ഡും. അമ്പത് രൂപക്ക് വിളിക്കാവുന്ന സിം കാര്‍ഡാണ് അതിലുണ്ടായിരുന്നതെന്നറിയുമ്പോഴാണ് ഈ മരതക ദ്വീപിന്‍െറ ആതിഥ്യമര്യാദ മനസ്സിലാവുക. സുരക്ഷിതമായി വിമാനമിറങ്ങിയെന്ന് വീട്ടിലേക്ക് സന്ദേശമയക്കാന്‍ ഈ പണം ധാരാളം. എക്സ്പ്രസ് ഹൈവേയിലൂടെ കൊളംബോ നഗരത്തിലേക്കുളള 45 മിനിറ്റ് യാത്രയില്‍ കണ്ണിലുടക്കിയത് ഇനിയും പരിക്കേല്‍ക്കാത്ത പച്ചപ്പാണ്. തെങ്ങും വാഴയും കണ്ടല്‍ കാടുകളും നിറഞ്ഞ ഭൂപ്രദേശത്തേക്ക് നമ്മുടെ നാട്ടിലെ പോലെ ‘എര്‍ത്ത്മൂവേഴ്സ്’ എത്തിയിട്ടില്ളെന്ന് തോന്നുന്നു. ഫ്ളാറ്റ് സമുച്ചയവും കൃത്രിമ ടൗണ്‍ഷിപ്പുകളും റിസോര്‍ടുകളും കുറവ്. പരിസ്ഥിതിയെ നോവിക്കാതെ എട്ടുവരി എക്സ്പ്രസ് ഹൈവേ. മണിക്കൂറില്‍ 120 കിലോമീറ്റര്‍ സ്പീഡില്‍ ഓടാന്‍ കഴിയുന്ന ഒറ്റ റോഡു പോലും നമ്മുടെ കൊച്ചുകേരളത്തിലില്ളെന്നത് വേറെ കാര്യം. കൊളംബോ യൂണിവേഴ്സിറ്റിക്കു കിഴക്കുള്ള പാര്‍ക്കിന്‍െറ പച്ചപ്പും വൃത്തിയും നമ്മെ അല്‍ഭുദപ്പെടുത്തും. പുതിയ സര്‍ക്കാരിന്‍െറ ശുദ്ധീകരണ യജ്ഞത്തിന്‍െറ ഭാഗമാണിതെന്ന് ശ്രീലങ്കന്‍ ബ്രോഡ്കാസ്ററിങ് കോര്‍പഷേനിലെ സീനിയര്‍ റിപോര്‍ട്ടര്‍ ദര്‍ശന അശോക പറഞ്ഞു. നമ്മുടെ നാട്ടിലെ സ്വഛ് ഭാരത് പ്രചാരണത്തിന്‍െറ പരിണിതി ഇതോടൊപ്പം കൂട്ടിവായിക്കണം. നഗരപരിധിയിലത്തെിയതോടെ ട്രാഫിക് തടസ്സവും തുടങ്ങി. അശോക് ലെയ്ലണ്ട്, റ്റാറ്റ ബസ്സുകളും മാരുതി, റ്റാറ്റ നാനോ, ടൊയോട്ട കാറുകളും നിറഞ്ഞ നിരത്തുകള്‍ ഇന്ത്യയിലേതിനു സമാനം. എന്നാല്‍, ആസൂത്രണത്തിലും വൃത്തിയിലും കൊളംബോ നഗരം ഏതൊരു ഇന്ത്യന്‍ നഗരത്തോടും കിടപിടിക്കും. മാനം മുട്ടുന്ന കെട്ടിടങ്ങളില്ളെങ്കിലും കടല്‍ തീരത്തെ ഈ നഗരം ടൂറിസ്ററ് സൗഹൃദമാണ്. കാല്‍ നട യാത്രക്കാര്‍ക്ക് പ്രത്യേക പാത. നിരത്തിനോട് ചേര്‍ന്ന തന്നെ പാര്‍ക്കിങ് സൗകര്യം. പെരുമഴയത്ത് പോലും റോഡില്‍ വെള്ളം പൊങ്ങുന്നില്ല. ഒരു മണിക്കൂര്‍ കനത്ത മഴ പെയ്താല്‍ കേരളത്തിലെ ഏറ്റവും വലിയ നഗരമായ കൊച്ചിയിലെ നിരത്തുകള്‍ പോലും വെള്ളത്തിനടിയിലാവും. ശാസ്ത്രീയ ട്രാഫിക് സംവിധാനമാണ് കണ്ടുപഠിക്കേണ്ടത്. സീബ്ര ലൈനിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാനാവൂ. കാല്‍ നടക്കാര്‍ക്കുള്ള ക്രോസിംഗിലെ സിഗ്നല്‍ പോസ്റ്റില്‍ ബട്ടണ്‍ അമര്‍ത്തി ഊഴം കാത്തിരുന്നു വേണം റോഡ് കടക്കാന്‍. ഇതെല്ലാം പുതിയ കാര്യമല്ളെങ്കിലും സാമ്പത്തികമായി നമ്മേക്കാള്‍ ഏറെ പിറകില്‍ നില്‍ക്കുന്ന രാജ്യം കാര്യക്ഷമമായി ഇത് നടപ്പാക്കുന്നു എന്നുമാത്രം. കേരളത്തിലെ ഏതെങ്കിലും നഗരത്തില്‍ ഇതു സാധ്യമാണോ എന്നു ആലോചിച്ചാല്‍ മതി. കൊളംബോ തെരുവുകളും ആളുകളും ചെന്നൈ നഗരത്തെ ഓര്‍മപ്പെടുത്തുമെങ്കിലും തമിഴ് കവലകളിലെ വൃത്തി ഹീനത ഇവിടെ കാണാനായില്ല. - ഗോള്‍ റോഡിലെ ഹോട്ടലിന്‍െറ മട്ടുപ്പാവിലിരുന്നാല്‍ കിഴക്കുഭാഗത്തായി കടല്‍ കാണാം. തീരത്തോട് ചേര്‍ന്ന കൊളംബോ നഗരത്തിലെ പ്രധാന ഹോട്ടലുകളെല്ലാം ഗോള്‍ റോഡിലാണ്. തലസ്ഥാന നഗരിയില്‍ നിന്ന് തെക്ക് ഗോള്‍ ബീച്ച് വരെ നീളുന്നതാണ് ഈ റോഡ്. 17 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന്‍െറ അരക്ഷിത ബോധം ലങ്കക്കാരെ ഇപ്പോഴും വേട്ടയാടുന്നോ എന്ന സംശയം മാത്രം ബാക്കി. ഷോപിങ് മാളുകളും കടകമ്പോളങ്ങളും വൈകീട്ട് ഏഴു മണിയോടെ അടക്കുന്നു. ഹോട്ടലുകളും നൈറ്റ് ക്ളബ്ബുകളും മാത്രമാണ് രാത്രി തുറന്നിടുന്നത്.ലങ്കയിലെ പത്രപ്രവര്‍ത്തക സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ കെട്ടിയുണ്ടാക്കിയ ഹോട്ടലുകളിലൊന്നില്‍ രാത്രി ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണ് മാറുന്ന കൊളംബോ നഗരത്തിന്‍െറ മറ്റൊരു ചിത്രം കണ്ടത്. ബീച്ചില്‍ കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക ഷെഡുകള്‍ ഫലത്തില്‍ പബ്ബുകള്‍ തന്നെ. ഗോവന്‍ ബീച്ചുകളൂടെ മറ്റൊരു പതിപ്പ്. പുലരും വരെ നീളുന്ന സംഗീതവും നൃത്തവും മദ്യപാനവും. വിദേശികളായ ടൂറിസ്റ്റുകള്‍ മാത്രമല്ല സന്ദര്‍ശകര്‍. നഗരത്തില്‍ താമസിക്കുന്ന നാട്ടുകാരായ യുവതീ യുവാക്കളുടെ വിനോദ കേന്ദ്രം കൂടിയാണിത്. വിശാലമായ ബീച്ചിലെവിടേയും പൊലീസിന്‍െറ പൊടിപോലുമില്ല. അര്‍ധരാത്രിയലും മണല്‍പുറത്ത് കാറ്റുകൊണ്ടിരിക്കുന്ന സംഘങ്ങള്‍. നിരത്തിലെ വൃത്തി കടപ്പുറത്തും കണാനായി. ചുവന്ന മണല്‍പരപ്പിന്‍െറ സൗന്ദര്യം സൂക്ഷിക്കുന്നതില്‍ നാട്ടുകാര്‍ കാണിക്കുന്ന ജാഗ്രത വിദ്യാസമ്പന്നരായ നാം കേരളീയര്‍ക്ക് ഇല്ലാതെപോയെല്ളോ എന്ന സങ്കടമായിരുന്നു എനിക്ക്. യുദ്ധത്തിന്‍െറയും സംഘര്‍ഷത്തിന്‍േറയും കാര്‍മേഘങ്ങളൊഴിഞ്ഞ സിംഹള ജീവിതം അതിവേഗം മാറുകയാണ്. അന്തരാഷ്ട്ര കോടതിയിലും ഐക്യ രാഷ്ട്ര സഭയിലും യുദ്ധ കുറ്റങ്ങളുടെ പേരില്‍ വിമര്‍ശം നേരിടുന്ന ഈ ദ്വീപ് വിനോദ സഞ്ചാര സൗഹൃദ രാജ്യമാവാനുള്ള തിടുക്കത്തിലാണ്. ഭരണകൂടത്തോടൊപ്പം പൊതുജീവിതവും അതോടൊപ്പം നീങ്ങുന്നു എന്നതാണ് ഈ മാറ്റത്തിന്‍െറ പ്രത്യേകത.
No comments:
Post a Comment