July 21, 2022

പാലൂർകോട്ടയിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹം; കാഴ്‌ച കാണാം?

  പക്ഷേ, കരുതൽ വേണം...!!!


മലപ്പുറം: വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ പാലൂർകോട്ടയിലേക്ക് സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണിപ്പോൾ. കാലവർഷം കനത്താൽ  പിന്നെ വശ്യമനോഹര സൗന്ദര്യമാണ് പാലൂർകോട്ട വെള്ളച്ചാട്ടത്തിന്. പുഴക്കാട്ടിരി, അങ്ങാടിപ്പുറം പഞ്ചായത്തുകളുടെ അതിർത്തിപ്രദേശമായ മാലാപറമ്പ് പാലച്ചോടിനും കടുങ്ങപുരം പള്ളിക്കുളമ്പിനുമിടയിലാണ് മലയിടുക്കുകളിൽ നിന്ന് ഒഴുകിയെത്തുന്ന ഈ വെള്ളച്ചാട്ടം.

മലയുടെ മുകൾഭാഗത്ത് ടിപ്പുവിന്റെ കോട്ട നിന്നിരുന്ന സ്ഥലത്തുള്ള വിശാലമായ കുളം നിറഞ്ഞുകവിഞ്ഞ് ഒഴുകിയാണ് ഈ വെള്ളച്ചാട്ടം രൂപപ്പെട്ടത്. കോട്ടയുടെ ചരിത്രാവശിഷ്‌ടങ്ങൾ പൂർണമായും മാഞ്ഞുപോയി. ആ പ്രദേശത്താണ് മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റ്.

അഞ്ഞൂറടിയിലധികം താഴ്‌ചയിലേക്കു പതിക്കുന്ന വെള്ളച്ചാട്ടം മനംകുളിർക്കുന്ന കാഴ്‌ചയാണ്. രണ്ടു തട്ടുകളായാണ് ഇവിടെ വെള്ളച്ചാട്ടം. കാടുകൾ വെട്ടിമാറ്റാത്തതിനാൽ ഒന്നിച്ചുള്ള കാഴ്‌ച പ്രയാസമാണ്. വെള്ളച്ചാട്ടത്തിനു മുകളിലെത്താൻ പടവുകളും സുരക്ഷാവേലിയും നിർമിക്കണമെന്നത് ഏറെക്കാലങ്ങളായുള്ള ആവശ്യമാണ്.

സുരക്ഷാസംവിധാനങ്ങളില്ലാതെ പാറക്കെട്ടുകൾ നിറഞ്ഞ മലമുകളിലേക്ക് സ്ത്രീകളും കുട്ടികൾ ഉൾപ്പെടെയുള്ളവർ സാഹസികമായാണ് കയറിപ്പോകുന്നത്. ഒന്നു തെന്നിയാൽ അഞ്ഞൂറടിയോളം താഴ്‌ചയിലേക്കാണു വീഴുക. മുൻകാലങ്ങളിൽ ഇവിടെ പാറക്കെട്ടുകളിൽനിന്നു വീണ് അപകടമുണ്ടായിട്ടുണ്ട്.

ഇവിടെ സ്ഥലം വിട്ടുകിട്ടിയാൽ ബാരിക്കേഡും മറ്റും സ്ഥാപിച്ച് സുരക്ഷയൊരുക്കാൻ പുഴക്കാട്ടിരി പഞ്ചായത്ത് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. പ്രദേശത്തെ ഭൂമി ഏറ്റെടുത്ത് ഈ വെള്ളച്ചാട്ടം സംരക്ഷിക്കണമെന്നത് ഏറെനാൾ പഴക്കമുള്ള ആവശ്യമാണ്. അങ്ങാടിപ്പുറം-കോട്ടയ്ക്കൽ റൂട്ടിൽ കടുങ്ങപുരം സ്‌കൂൾപടിയിൽനിന്ന് രണ്ടരക്കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting