June 12, 2021

തണുപ്പേറ്റ്‌‌ കാടുകയറാം, നാടും കാണാം.!!

മണ്ണാർക്കാട്: കാട്ടുപച്ചപ്പിന്റെ മണംപിടിച്ച് മണ്ണാർക്കാട് ചുരം കയറി അട്ടപ്പാടിയെത്തിയാൽ കൗതുകമുള്ള കാഴ്ചകളേറെ. മഞ്ഞുകാലത്തെ തണുപ്പറിയാൻ മൂന്നാറും കൊടേക്കനാലും പോകേണ്ട, അട്ടപ്പാടിയിലെത്തിയാൽ മതി. ഇവിടെ സൈലന്റ് വാലിയുടെ വാതിൽ തുറന്നിട്ടിരിക്കുന്നു. അഗളി  നരസിമുക്കിലെ വ്യൂപോയിന്റിൽ കയറിനിന്നാൽ വീശിയടിക്കുന്ന കാറ്റിനൊപ്പം ലോകം കാൽകീഴിൽ കോട്ടകെട്ടി നിൽക്കുന്ന കാഴ്ച. ഇത്തരത്തിൽ ഇരുപതോളം കുന്നുകൾ ഇവിടെയുണ്ട്. കോവിഡ് മാനദണ്ഡം എല്ലായിടത്തും കൃത്യമായി പാലിക്കണമെന്നുമാത്രം. 

മഹാമാരി ഇല്ലാതാക്കിയ വിനോദ സഞ്ചാരമേഖലകൾക്കൊപ്പം അട്ടപ്പാടിയും ഉണരുകയാണ്. മുള്ളിവഴി ഊട്ടിയിലേക്ക് പോവുന്ന സഞ്ചാരികൾക്കും സൈലന്റ് വാലിയിലെത്തുന്നവർക്കും ഇവിടത്തെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താം. അഗളി പഞ്ചായത്തിലൂടെ ഒഴുകുന്ന ശിരുവാണി പുഴയും അഗളി-, പുതൂർ പഞ്ചായത്തുകൾ പങ്കിടുന്ന ഭവാനിപ്പുഴയും സന്ദർശകർക്ക് പ്രിയങ്കരം. പ്രധാന സിനിമകളുടെ ലൊക്കേഷനുകളായതോടെ സഞ്ചാരികളുടെ ഒഴുക്കാണിവിടേക്ക്. അട്ടപ്പാടിച്ചന്തം ഒപ്പിയെടുത്ത അന്തരിച്ച സച്ചി സംവിധാനം ചെയ്ത് ബിജുമേനോനും പൃഥ്വിരാജും അഭിനയിച്ച 'അയ്യപ്പനും കോശിക്കും' ശേഷമാണ് ജില്ലയ്ക്ക് പുറത്തുനിന്നുൾപ്പെടെ കൂടുതൽപേർ ഈ മനോഹാരിത തേടിയെത്തുന്നത്. 

സഞ്ചാരികൾക്കാവശ്യമായ സൗകര്യങ്ങളുടെ അഭാവം പരിഹരിച്ചാൽ ജില്ലയുടെ വിനോദസഞ്ചാര മേഖലയ്ക്ക് അട്ടപ്പാടി മുതൽക്കൂട്ടാകും. താമസ സൗകര്യം, വാഹനപാർക്കിങ് ഉൾപ്പെടെ മിക്കയിടത്തുമില്ല. ആദിവാസി വിഭാഗങ്ങളെ ബാധിക്കാത്തവിധം അവർക്ക് വരുമാനമുണ്ടാക്കാം. ഷോളയൂർ പഞ്ചായത്തിലെ മേൽത്തോട്ടം, മറനട്ടി, കൂടപ്പട്ടി, അഗളി-, പുതൂർ പഞ്ചായത്തുകൾ പങ്കിടുന്ന ചീരക്കടവ്, ചിണ്ടക്കി, കരുവാര, കരിവടം തുടങ്ങിയ പ്രദേശങ്ങൾ ഇക്കോ ടൂറിസം പദ്ധതികൾക്ക് അനുയോജ്യമാണ്. 

ഏത് കാലാവസ്ഥയും ടൂറിസത്തിന് അനുകൂലം.കാർഷിക മേഖല പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ മഴയായാലും വേനലായാലും ടൂറിസത്തിന് അനുകൂലമാണ് അട്ടപ്പാടി. ഹോം സ്റ്റേ, ഫാം ടൂറിസം തുടങ്ങിയവയ്ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമാണ്. ഇത് കൂടുതൽ വേഗത്തിലും ലളിതവുമാക്കിയാൽ അട്ടപ്പാടിക്കാർക്ക് വരുമാന മാർഗമാവും. അട്ടപ്പാടിയെ വിനോദസഞ്ചാര സൗഹൃദമാക്കാനുള്ള ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാവണം.

വീട്ടിലിരുന്ന്​ താജ്​മഹൽ കാണാം; സൗകര്യമൊരുക്കി ഗൂഗ്​ൾ

പെരുന്നാളും ഓണവുമടക്കമുള്ള ആഘോഷ നാളുകളിൽ ചെറിയൊരു യാത്ര കൂടി മലയാളിക​ളുടെ പതിവാണ്​. എന്നാൽ, കഴിഞ്ഞവർഷത്തെ പോലെ ഈ പെരുന്നാൾ ദിനത്തിലും ആഘോഷങ്ങൾ വീട്ടിലൊതുക്കേണ്ട അവസ്​ഥയാണ്​. [covid-19]

ഇങ്ങനെ യാത്രകൾ നഷ്​ടമായവർക്ക്​ ലോകത്തിലെ വിവിധ കാഴ്​ചകൾ വിർച്വൽ റിയാലിറ്റി സംവിധാനത്തോടെ കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഗൂഗ്​ൾ​. https://artsandculture.google.com/ എന്ന വെബ്​സൈറ്റിൽ യാത്രാ സംബന്ധമായ കൂടുതൽ വിഭവങ്ങളാണ്​ ഇപ്പോൾ ഗൂഗ്​ൾ ഉൾപ്പെടുത്തിയിരിക്കുന്നത്​.

2011ൽ ആരംഭിച്ച ഇൗ വെബ്​സൈറ്റിൽ കഴിഞ്ഞ വർഷം മുതലാണ്​ ചരിത്ര സ്​ഥലങ്ങളും ഉൾപ്പെടുത്താൻ തുടങ്ങിയത്​. ഇൗയിടെ താജ്മഹൽ ഉൾപ്പെടെ 10 യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങളുടെ വെർച്വൽ ടൂറുകളും ഇതിൽ ഉൾപ്പെടുത്തി.

വെബ്​സൈറ്റിൽ പ്രവേശിച്ച്​ 'യുനെസ്കോ വേൾഡ് ഹെറിറ്റേജ്' എന്ന മെനുവിൽ ക്ലിക്ക്​ ചെയ്​താൽ ഇവ കാണാനാകും. താജ്മഹലി​െൻറ 360 ഡിഗ്രി, സ്ട്രീറ്റ് വ്യൂ ഇമേജുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന കാഴ്​ചകളാണ്​ ഇതിലുള്ളത്​. താജ്മഹലി​െൻറ രണ്ട് വെർച്വൽ ടൂറുകൾ 'എ ഷ്രൈൻ ടു ലവ്' എന്ന വിഭാഗത്തിൽ കാണാം. Taj Mahal: A Tour from the Top, The Wonder that is Taj എന്നീ വെർച്വൽ ടൂറുകൾ ലോകാത്ഭുതത്തി​െൻറ അതിശയകരമായ കാഴ്​ചകളിലേക്കാണ്​ നയിക്കുന്നത്​.

താജ്​മഹലി​െൻറ എല്ലാ പ്രത്യേകതകളും മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഇവിടെ അനുഭവിച്ചറിയാനാകും. ആഗ്രയിൽ നേരിട്ട്​ സന്ദർശിച്ചവരെയും ഇൗ കാഴ്​ചകൾ ആശ്ചര്യപ്പെടുത്തും. കൂടാതെ ഇൗ അത്ഭുത സ്മാരകത്തെക്കുറിച്ചുള്ള വസ്തുതകളും ചരിത്രവും ആദ്യകാല ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

എക്സ്പ്ലോർ യുനെസ്കോ വേൾഡ് ഹെറിറ്റേജ് ലൈബ്രറിയിൽ ഇന്തോനേഷ്യയിലെ ക്ഷേത്രങ്ങൾ, പോർച്ചുഗലിലെ ​മൊണാസ്​ട്രികൾ തുടങ്ങി നിരവധി വെർച്വൽ ടൂറുകളുണ്ട്. കോവിഡ്​ കാരണം ടൂറിസവും സാംസ്​കാരിക പ്രവർത്തനങ്ങളുമെല്ലാം നിലച്ചിരിക്കുകയാണ്​. ഇതി​െൻറ വിടവ്​ നികത്താനാണ്​ യുനെസ്​കോയുമായി സഹകരിച്ച്​ ഗൂഗ്​ൾ ഇൗ വെബ്​സൈറ്റ്​ കൂടുതൽ സജീവമാക്കുന്നത്​..

വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കോഴിക്കോട് ബീച്ച് !! [ After Renovation]

കരുനീക്കം ഇനി ബീച്ചിലാകാം, 

കടലിന്റെ സൗന്ദര്യം ആസ്വദിച്ച് ബീച്ചിലിരിക്കുമ്പോൾ ഇനി കൂട്ടത്തിലൊരു ചെസ്സ് കളി കൂടെ ആയാലോ. കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞ് ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് കരുനീക്കങ്ങൾക്കുള്ള അവസരമാണ്. ബീച്ചിന്റെ നവീകരണത്തിന്റെ ഭാഗമായാണ് വലിയ ചെസ് ബോര്‍ഡ് ഒരുക്കിയിട്ടുള്ളത്.

ബീച്ചിന്റെ നവീകരണവും പരിപാലനവും ഏറ്റെടുത്ത സോളസ് ആഡ് സൊലൂഷൻസ് എന്ന ഏജൻസിയാണ് കോർപറേഷൻ ഓഫിസിനു മുൻവശം ബീച്ചിൽ 5 മീറ്റർ നീളവും 5 മീറ്റർ വീതിയും ഉള്ള ചെസ് ബോർ‌ഡ് ഒരുക്കിയത്. ബീച്ചിൽ കുട്ടികൾക്കായി നിർമിക്കുന്ന ഗെയിം സോണിന്റെ ഭാഗമായാണു ചെസ് ബോർഡ് നിർമിച്ചത്.

ടൈലിട്ടാണ് ചെസ് ബോർഡ് ഒരുക്കിയിരിക്കുന്നത്. കളിക്ക് വാശികൂട്ടുന്ന ആനയും കുതിരയും കാലാളുമെല്ലാം ഫൈബർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. പ്രത്യേകതരത്തിലുള്ള ഫൈബർ ആയതിനാൽ വെയിലും മഴയുമേറ്റാലും നശിക്കില്ല. ഇതിനോട് ചേര്‍ന്ന് സി.സി.ടി.വി.യും ഉണ്ട്. എന്നാല്‍ രാത്രികാലങ്ങളില്‍ കരുക്കള്‍ ഇവിടെത്തന്നെ വെക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ഇക്കാര്യം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ കളക്ടറുമായി ചേര്‍ന്ന് ആലോചിച്ച് പിന്നീട് തീരുമാനിക്കും. രണ്ടരലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ കരുക്കള്‍. ബീച്ചിലെ ശില്പങ്ങള്‍ക്ക് സമീപമാണ് ചെസ് ബോര്‍ഡ് ഉള്ളത്.ഡി.ടി.പി.സി.യുടെ കീഴിലുള്ള ബീച്ച് സൗന്ദര്യവത്കരണത്തിന്റെ ഭൂരിഭാഗം പണികളും പൂര്‍ത്തിയായി. സൗത്ത് ബീച്ച്, ശിലാസാഗരം, ബീച്ച് പവിലിയന്‍ എന്നിവയാണ് മോടി കൂട്ടുന്നത്. 

ചുമര്‍ച്ചിത്രങ്ങള്‍, കുട്ടികള്‍ക്കായുള്ള കളിയുപകരണങ്ങള്‍, നിരീക്ഷണ ക്യാമറകള്‍, ഭക്ഷണകൗണ്ടര്‍, ഭിന്നശേഷി സൗഹൃദമായ റാമ്പുകള്‍, വൈദ്യുതീകരിച്ചതും നവീകരിച്ചതുമായ വഴിവിളക്കുകള്‍ എന്നിവയാണ് പദ്ധതിയിലുള്ളത്.ആർക്കിടെക്റ്റായ വിനോദ് സിറിയക്കാണ് ചെസ്സ് ബോർഡ് രൂപകല്പന ചെയ്തത്. തെക്കേ കടപ്പുറത്തെ കോര്‍ണിഷ് ബീച്ചിനോട് ചേര്‍ന്നുള്ള ചുമരില്‍ മനോഹര ചിത്രങ്ങളും ഉണ്ട്. കുറ്റിച്ചിറ, വലിയങ്ങാടി, കടപ്പുറം, ഗുജറാത്തിത്തെരുവ് എന്നീ സ്ഥലങ്ങളിലെ കാഴ്ചകളാണ് ചിത്രങ്ങളായി മാറിയത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍വന്ന് ജനങ്ങള്‍ക്ക് എത്തിച്ചേരാന്‍ പറ്റുന്ന സാഹചര്യമാകുമ്പോള്‍ സൗന്ദര്യവത്കരിച്ച ബീച്ച് നാടിന് സമര്‍പ്പിക്കുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി സി.പി. ബീന പറഞ്ഞു. കൊവിഡ് കഴിഞ്ഞാലുടൻ മുൻ ചെസ് ചാംപ്യൻ കൂടിയായ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ചെസ് ബോർഡ് നാടിന് സമർപ്പിക്കും.

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting