മലമ്ബുഴ: കേരളത്തിന്റെ ഉദ്യാനറാണിയായ മലമ്ബുഴ ഉദ്യാനം അടച്ചു. ഇനി മാസങ്ങള്‍ക്കു ശേഷം പുതുമോടിയിലായിരിക്കും ഉദ്യാനം തുറക്കുക.കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ 2.0 പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75.87 കോടി രൂപ ചിലവില്‍ നവീകരണ പ്രവർത്തികള്‍ നടത്തുന്നതിനാണ് മലമ്ബുഴ ഉദ്യാനം അടച്ചിടുന്നത്. കഴിഞ്ഞമാസം ഉദ്യാനം അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഓണാവധി കണക്കിലെടുത്ത് മാറ്റുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുംവരെ ഉദ്യാനത്തിലേക്കു സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിട്ടുണ്ട്. ജലസേചന വകുപ്പിന്റെ സംയുക്ത സഹകരണത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
മലമ്ബഴയുടെ പ്രകൃതി ഭംഗിക്ക് കോട്ടം തട്ടാതെയും സന്ദർശകരില്‍ കൂടുതല്‍ നയന മനോഹരമായ കാഴ്ചകള്‍ ഉള്‍പ്പെടുത്തിയുമാണ് ഉദ്യാനം നവീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വാട്ടർ തീം പാർക്കുകള്‍, വാട്ടർ ഫൗണ്ടനുകള്‍, കുട്ടികള്‍ക്കും മുതിർന്നവർക്കുമായി പ്രത്യേകം റൈഡുകള്‍, പുതിയ വിനോദ കേന്ദ്രങ്ങള്‍, ഓർക്കിഡ് പുഷ്പങ്ങള്‍ക്കായി ഓർക്കിഡ് പാർക്കുകള്‍ എന്നിവയും സജ്ജമാക്കുന്നുണ്ട്. നിലവിലുള്ള ഉദ്യാനത്തിന്റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി ഉദ്യാനത്തിനകത്ത് സന്ദർശകർക്കായി നടപ്പാതകളും വിശ്രമ കേന്ദ്രങ്ങളും ഒരുക്കും. പ്രകൃതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ പരിസ്ഥിതി സൗഹൃദപരമായ മാലിന്യ സംസ്‌കരണവും ഭിന്നശേഷിക്കാർക്ക് സഞ്ചാരത്തിനായുള്ള പ്രത്യേകം റാമ്ബുകളും നിർമ്മിക്കും.
കാർഷിക പൈതൃകത്തിന്റെ ഭാഗമായി മാമ്ബഴ തോട്ടങ്ങളും പരമ്ബരാഗത കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിനായി ഉദ്യാനത്തിനകത്ത് വേദികളും നിർമ്മിക്കുന്നുണ്ട്. ഉദ്യാനത്തിലെ നവീകരണ പ്രവർത്തികള്‍ പൂർത്തിയാക്കി അടുത്ത വർഷം അവധിക്കാലത്തിനു മുമ്ബ് തുറന്നു കൊടുക്കാനാണ് ലക്ഷ്യമിടുന്നത്. മൈസൂർ വൃന്ദാവൻ ഗാർഡന്റെ മാതൃകയില്‍ നവീകരിക്കുന്ന മലമ്ബുഴ ഉദ്യാനത്തിന്റെ പ്രവർത്തികളുടെ ചുമതല ഊരാളുങ്കല്‍ ലേബർ കോണ്‍ട്രാക്‌ട് സഹകരണ സംഘത്തിനാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രം കൂടിയായ മലമ്ബുഴയാണ് ജില്ലയില്‍ തന്നെ വരുമാന വർദ്ധനവിലും കൂടുതല്‍ സന്ദർശകരുമെത്തുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രം. അയല്‍ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും പ്രതിദിനം ആയിരക്കണക്കിന് സന്ദർശകരെത്തുന്ന ഉദ്യാന റാണിയില്‍ കാലങ്ങളായി സന്ദർശകരെ വരവേറ്റത് നിറം മങ്ങിയ കാഴ്ചകളായിരുന്നു. ഉദ്യാനറാണിയുടെ കവാടങ്ങള്‍ താല്‍ക്കാലികമായി അടയുമ്ബോള്‍ അടുത്ത അവധിക്കാലത്തോടെ സന്ദർശകരെ വരവേല്‍ക്കുന്നത് മനോഹാരിയായ മറ്റൊരു ഉദ്യാന റാണിയായിട്ടാണ്.
No comments:
Post a Comment