തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ പൊലീസിന്റെ പദ്ധതി. തോക്ക് ലൈസന്‍സുള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഇതിനായി പ്രത്യേകം പ്രത്യേകസമിതിയും സിലബസും തയ്യാറായി. ഇത് സംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപി ഉത്തരവ് ഇറക്കിയത്.
ഫീസടച്ച് പൊതുജനങ്ങള്‍ക്കും ആയുധപരിശീലനം നേടാന്‍ കഴിയുമെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് ഫീസ്. ഫയറിങ്ങിന് 5000 രൂപയും ആയുധങ്ങളെ കുറിച്ച് അറിയുന്നതിനും മനസിലാക്കുന്നതിനും 1000 രൂപയാണ് ഫീസ്.
സംസ്ഥാനത്ത് നിരവധി പേരുടെ കൈവശം ആയുധലൈസൻസ് ഉണ്ടെങ്കിലും പലർക്കും ഇത് ഉപയോഗിക്കാൻ അറിയില്ല. ആയുധപരിശീലനത്തിന് സംസ്ഥാനത്ത് സർക്കാർ ഒരു സംവിധാനം
ഒരുക്കണണെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആളുകൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയത്. പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ശാരീരികവും മാനസികവുമായ ഫിറ്റ്നെസ്, ആധാർ കാർഡ്, ആയുധ ലൈസൻസ് എന്നിവ ഹാജരാക്കിയവർക്ക് മാത്രമായിരിക്കും പരിശീലനം നൽകുക.

