May 25, 2012

ഗവിയിലെ ഹരിതമൗനം !!

പശ്ചിമഘട്ടത്തിലെ സുന്ദരവും സമ്പന്നവുമായ കാനനക്കാഴ്ചകളിലേയ്ക്കാണ് ഇനി നിങ്ങള്‍ കടക്കുന്നത്. ഈ ഹരിതവനങ്ങള്‍ക്ക് ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്ന ശപഥം നിങ്ങളുടെ ഇനിയുള്ള ഓരോ ചുവടിലും ഉണ്ടാകണം.

ഗവി. നിത്യഹരിതവനങ്ങള്‍ ഒരുക്കിവെച്ച ഒരു തുരുത്ത്. വണ്ടിപ്പെരിയാറില്‍ നിന്നും കുമളിയിലേക്കുള്ള വഴിയില്‍ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടു തിരിഞ്ഞു വേണം ഗവിയിലേക്ക് പോകാന്‍. ഏതാണ്ട് 27 കിലോമീറ്റര്‍. വള്ളക്കടവ് ചെക്‌പോസ്റ്റ് വരെയുള്ള ഒമ്പത് കിലോമീറ്റര്‍ ദൂരത്ത് വഴിവക്കില്‍ വീടുകളും കടകളുമൊക്കെ കാണാം. ചെക് പോസ്റ്റ് കഴിഞ്ഞാല്‍ പിന്നെ കൊടും കാട്. ആനകള്‍ സൈ്വരവിഹാരം നടത്തുന്ന സ്ഥലം. വഴിയരികില്‍ ഏതു നേരവും അവയെ കാണാം. ആന മാത്രമല്ല, കടുവയും കരടിയുമൊക്കെയുളള കാടാണിത്.

വള്ളക്കടവ് ചെക്‌പോസ്റ്റില്‍ എത്തുമ്പോഴേക്കും അഞ്ചുമണിയോട് അടുത്തിരുന്നു. പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഈ ചെക്‌പോസ്റ്റില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ട്. ഇവിടെ പണം കൊടുത്ത് പാസ്സെടുത്തു വേണം ഗവിയിലേക്ക് പോകാന്‍. ഗവിയിലെ കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ ബുക്ക് ചെയ്തിരുന്നത് കൊണ്ട് ചെക്‌പോസ്റ്റിലെ പ്രവേശനം എളുപ്പമായി. അവര്‍ വാഹന നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചെക്‌പോസ്റ്റില്‍ അറിയിച്ചിരുന്നു. വിനോദസഞ്ചാരികളുമായി മുന്‍കൂര്‍ അനുമതിയോടെ വരുന്ന വാഹനങ്ങള്‍ക്കും നാട്ടുകാരുടെ വാഹനങ്ങള്‍ക്കും ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഉദ്യോഗസ്ഥര്‍ക്കും അതിഥികള്‍ക്കും മാത്രമാണ് സാധാരണ ഈ ചെക്‌പോസ്റ്റ് കടന്നുപോകാന്‍ അനുമതിയുള്ളത്. ഇവിടെ ഗവിയില്‍ നിന്ന് മടങ്ങിവരുന്ന സഞ്ചാരികളെ കണ്ടു. വഴിയരികില്‍ പലയിടത്തും ആനകളെ കാണാനായെന്ന് അവര്‍ പറഞ്ഞു. ആന അവന്റെ കാട്ടില്‍ സൈ്വര്യ വിഹാരം നടത്തുന്നത് കാണാന്‍ ഭൂഖണ്ഡങ്ങള്‍ കടന്ന് സഞ്ചാരികള്‍ എത്തുന്ന ഇവിടെ ആനപ്പേടിക്ക് പ്രസക്തിയില്ല.

വളഞ്ഞു പുളഞ്ഞ് പോകുന്ന കാട്ടുവഴി. ഇലപടര്‍പ്പിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചം മങ്ങി വരുന്നു. പല തട്ടുകളില്‍ കയറിപ്പോകുന്ന കാട്. കാഴ്ചയുടെ അടരുകള്‍ അനുഭൂതിയായി മാറുന്നു. കാട് വേറൊരു ഇടം തന്നെ. പുല്‍മേട്ടിലോ പര്‍വ്വതങ്ങളിലോ നിന്നാല്‍ ഭൂവിതാനങ്ങളുടെ വിശാലതയിലേക്ക് എറിയപ്പെടുന്നതായി നമുക്ക് തോന്നും. കാട്ടിലോ, നമ്മള്‍ നമ്മളിലേക്ക് അരിച്ചിറങ്ങും. ചുറ്റിലുമുള്ള പച്ചപ്പ് ഉള്ളിലേക്ക് പടരും. അപരിചിതവും നിഗൂഢവുമായ കാട്, യാത്രയുടെ തുടക്കത്തില്‍ പകരുന്ന ആപത്ശങ്കകള്‍ ചിന്തയുടെ ഉന്‍മേഷത്തില്‍ അലിഞ്ഞില്ലാതാവും.for more read click here

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting