February 20, 2012

ഖത്തര്‍ ഗള്‍ഫ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു !!

ദോഹ: ഗള്‍ഫില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി ഖത്തര്‍ മാറിക്കൊണ്ടിരിക്കുന്നതായി ഇതുസംബന്ധിച്ച കണക്കുകള്‍ സൂചിപ്പിക്കുന്നു. ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ) ഇന്നലെ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം  കഴിഞ്ഞവര്‍ഷം ഗള്‍ഫ് മേഖലയില്‍ നിന്ന് രാജ്യത്തത്തെിയ സഞ്ചാരികളുടെയും രാജ്യത്തെ ഹോട്ടലുകളില്‍ മുറിയെടുക്കുന്നവരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 45 ശതമാനം വര്‍ധനവാണുണ്ടായത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ 12 ശതമാനവും കൂടിയിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാരും വിദേശികളും സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന പ്രധാന രാജ്യങ്ങളില്‍ ഒന്നായി ഖത്തര്‍ മാറിക്കൊണ്ടിരിക്കുകയാണെന്ന് ക്യു.ടി.എ ചെയര്‍മാന്‍ അഹ്മദ് അന്നുഅെമി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 8,45,633 പേര്‍ ഖത്തര്‍ സന്ദര്‍ശിച്ചതായാണ് കണക്ക്. തൊട്ട് മുന്‍ വര്‍ഷം ഇത് 5,82,134 ആയിരുന്നു. കഴിഞ്ഞവര്‍ഷം ഖത്തര്‍ സന്ദര്‍ശിച്ച മൊത്തം സഞ്ചാരികളില്‍ 58 ശതമാനം ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. അറബ്  രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാാരികളുടെ എണ്ണത്തില്‍ 19.3 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 15 ശതമാനവും വര്‍ധനവുണ്ടായി. കഴിഞ്ഞവര്‍ഷം എട്ട് പുതിയ ഹോട്ടലുകള്‍ തുറന്നു. ഇതോടെ ഹോട്ടലുകളുടെ എണ്ണം 74 ആയി. 2010ല്‍ രാജ്യത്ത് ആകെ 5974 ഹോട്ടല്‍ മുറികളുണ്ടായിരുന്നത് കഴിഞ്ഞവര്‍ഷം 11,341 ആയി. ഹോട്ടല്‍ മുറികളുടെ എണ്ണം വര്‍ധിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം മുറിയെടുക്കുന്നവരുടെ എണ്ണം ഏറെക്കുറെ സ്ഥിരമായിരുന്നു: 59 ശതമാനം. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും കുടുതല്‍ മുറികള്‍ സഞ്ചാരികള്‍ പ്രയോജനപ്പെടുത്തിയത്. ഈ മാസങ്ങളില്‍ നടന്ന ഏഷ്യന്‍ കപ്പ് ഫുട്ബാളും മറ്റ് വന്‍കിട പരിപാടികളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞര്‍ഷം ഫൈവ്സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നുള്ള വരുമാനം 19.25 ശതമാനം വര്‍ധിച്ചു. 2010ല്‍ ഹോട്ടല്‍ വരുമാനം 232, 95,14,968 റിയാലായിരുന്നത് കഴിഞ്ഞവര്‍ഷം 277,79,47,223 ആയി ഉയര്‍ന്നു. ഈ വര്‍ഷവും ഖത്തറിന്‍െറ ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് അന്നുഅെമി പറഞ്ഞു. 3,500 ഹോട്ടല്‍ മുറികള്‍ കൂടി ഈ വര്‍ഷം പൂര്‍ത്തിയാകും. ഖത്തറിന്‍െറ വിനോദസഞ്ചാര സാധ്യതകള്‍ മറ്റ് രാജ്യങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഇതിന്‍െറ ഭാഗമായി ജി.സി.സി രാജ്യങ്ങളെ ലക്ഷ്യമിട്ട് ഈ വര്‍ഷം പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും ക്യു.ടി.എ ചെയര്‍മാന്‍ അറിയിച്ചു.

No comments:

Thats Malayalam !

Namecheap.com - Cheap domain name registration, renewal and transfers - Free SSL Certificates - Web Hosting